തിരുവനന്തപുരം: ചട്ട ലംഘനങ്ങളുടെ പരമ്പര തീർത്ത മന്ത്രി കെ ടി ജലീലിന്റെ രാജി നീതിക്കായി പൊരുതിയവരുടെ വിജയമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. സർവകലാശാലകളിൽ ചട്ട വിരുദ്ധമായി പല തവണ ഇടപെട്ടപ്പോൾ തന്നെ ഞങ്ങൾ മന്ത്രിക്കെതിരെ നിയമനുസൃതം പരാതികൾ സമർപ്പിച്ചുരുന്നു. എന്നാൽ, ഗവണ്മെന്റ് മന്ത്രിക്കൊപ്പം അഴിമതിക്കു കൂട്ടുനിൽക്കുകയാണ് ചെയ്തത്. അതു കൊണ്ടാണ് നടപടികൾ വൈകിയതെന്ന് ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പറഞ്ഞു.
ഇപ്പോഴും കുറ്റക്കാരൻ എന്ന ബോധം ജലീലിന് വന്നിട്ടില്ല. എല്ലാ പഴുതുകളും അടഞ്ഞപ്പോഴാണ് രാജി വെക്കാൻ അദ്ദേഹം നിർബന്ധിതനായത്. സമൂഹത്തിന്റെ ഉത്തമ താല്പര്യം മുൻ നിർത്തി പോരാടാൻ മുന്നോട്ടു വന്ന ഏവരുടെയും വിജയമാണിത്.
വിശേഷിച്ച് ജലീലിനെതിരായ കേസുകൾ സാമൂഹ്യ പ്രതിബദ്ധതയോടെമാത്രം ലോകയുക്തയിലും ഹൈക്കോടതിയിലും വാദിച്ചു വിജയിപ്പിച്ച സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ട അഭിനന്ദനം അർഹിക്കുന്നുവെന്ന് സമിതി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ പറഞ്ഞു.