ചങ്ങനാശ്ശേരി: പ്രകൃതിയെ സംരക്ഷിക്കുന്ന രീതികൾ അവലംബിച്ച് കാർഷികോല്പാദനം വർധിപ്പിക്കണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതാണ് മനുഷ്യൻ അധിവസിക്കുന്ന ഭൂമി. ഇത് തിരിച്ചറിഞ്ഞുവേണം ഭൂമിയിൽ കൃഷി ചെയ്യാനും വികസനപ്രവർത്തങ്ങൾ നടത്താനുമെന്ന് മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളുടെ സംരംഭമായ പ്രവാസി ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം. തരിശുകിടക്കുന്ന നിലങ്ങൾ കൃഷിയിടങ്ങളാക്കി കാർഷികോല്പാദനം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലൂടെ തൊഴിലും ഭക്ഷ്യോത്പാദനവും വർധിക്കുമെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
പ്രവാസി ഫാർമേഴ്‌സ് പ്രൊഡ്യൂസിംഗ് കമ്പനി എം.ഡി തങ്കച്ചൻ പൊൻമാങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. ടെജി പൊതുവീട്ടിൽകളം, ഫാ. ജിജോ മാറാട്ട്കളം, കമ്പനി ഡയറക്ടർമാരായ ജോസഫ് അബ്രഹാം തെക്കേക്കര, ജെയിംസ് അരീക്കുഴി, പി. സി ചെറിയാൻ, തോമസ് പ്ലാപ്പറമ്പിൽ , സിഇഒ ഷെവലിയർ സിബി വാണിയപുരയ്ക്കൽ, ടോമിച്ചൻ മേപ്പുറം, എന്നിവർ പ്രസംഗിച്ചു.