മുംബൈ: മൂന്നാംദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ വിഭാഗം ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,850ന് മുകളിലെത്തി.
സെൻസെക്സ് 84.45 പോയന്റ് നേട്ടത്തിൽ 49,746.21ലും നിഫ്റ്റി 54.80 പോയന്റ് ഉയർന്ന് 14,873.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1022 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല.
ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
മെറ്റൽ സൂചിക നാലുശതമാനത്തോളം ഉയർന്നു. ഇൻഫ്ര, ഐടി സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബാങ്ക് സൂചിക സമ്മർദം നേരിട്ടു. ബിഎസ്ബി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്.