കണ്ണൂർ: പോലീസ് നടപടികൾ ഏകപക്ഷീയമെന്ന ആരോപിച്ച് മൻസൂർ കൊലപാതകവും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് കലക്ടർ വിളിച്ചു ചേർത്ത സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. കൊലപാതകികളുടെ നേതാക്കന്മാരാണ് യോഗത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പ്രതികരിച്ചു.
ഇന്നലെ രാത്രി സിപിഎം ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് പാനൂരിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പാനൂർ- പെരിങ്ങത്തൂർ മേഖലയിലെ സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്കാണ് തീയിട്ടത്. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വിലാപയാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ നടന്നത്.
പെരിങ്ങത്തൂർ ടൗണിലുള്ള സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർക്കുകയും കൊടിയും തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണം ഉണ്ടായി. കീഴ്മാടം, പെരിങ്ങളം, കടവത്തൂർ എന്നിവിടങ്ങളിലെ ഓഫിസുകളും തകർത്തു. പാർട്ടി ഓഫിസുകൾക്ക് പുറമെ നിരവധി കടകളും അടിച്ചു തകർത്തു.
അക്രമ സാധ്യതയുള്ളതിനാൽ വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത്. പാർട്ടി ഓഫിസുകൾ അക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ മൻസൂർ വധക്കേസിൽ പിടിയിലാകാനുള്ളവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പതിനൊന്നിലേറെ പേർക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഗൂഢാലോചന നടന്നിട്ടുണ്ടോയന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നതാണ് സിപിഎം നിലപാടെങ്കിലും സംഭവം രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.