ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യയിൽ നിന്നും എത്തുന്നവരെ ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ന്യൂസിലൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
വിലക്ക് ഞായർ മുതൽ ഈ മാസം 28 വരെ തുടരാനാണ് തീരുമാനം. ന്യൂസിലൻഡ് പൗരൻമാർക്കും വിലക്ക് ബാധമായിരിക്കും. എന്നാൽ വിലക്ക് താൽക്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
അതേസമയം ഇന്ത്യയിൽ കൊറോണ രണ്ടാം വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകിട്ട് 6.30 ന് നടക്കും. വീഡിയോ കോൺഫറസ് വഴി നടക്കുന്ന യോഗത്തിൽ രാജ്യത്തെ നിലവിലെ കൊറോണ സാഹചര്യവും വാക്സീനേഷൻ വിതരണവും ചർച്ച ചെയ്യും. നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
രാജ്യത്ത് കൊറോണ കേസുകളിൽ വൻ വർധനവാണ് കഴിഞ്ഞ ഓരോ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 115,736 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിൽ കൊറോണ വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,92,135 പേർ രോഗമുക്തി നേടിയിട്ടുണ്ട്.