കണ്ണൂർ: പാനൂരിൽ യൂത്ത്ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമം പരക്കെ വ്യാപിക്കുന്നു. മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ സിപിഎം ഓഫീസുകൾക്കു നേരെ ലീഗ് ആക്രമണം നടത്തി.പാനൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, ടൗൺ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികൾക്ക് തീവച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങൾ പുറത്ത് വാരിയിട്ട് കത്തിച്ചു. അതേസമയം, മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകർത്തു.
മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വൈകീട്ട് 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം അരങ്ങേറിയത്. വൻ ജനാവലിയാണ് വിലാപയാത്രയിലുണ്ടായിരുന്നത്. ബോംബേറിൽ കാൽമുട്ടിലേറ്റ ഗുരുതര പരിക്കാണ് മുഹസിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ബോംബേറിൽ മൻസൂറിന്റെ കാൽമുട്ട് തകർന്നു. ശരീരത്തിൽ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാർന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൻസൂറിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ നേരത്തേ വ്യക്തമാക്കിയിരുന്നു.
പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.