പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പരിഹസിച്ച്‌ എ.എം ആരിഫ്; തൊഴിലാളി വർഗത്തെ അപമാനിക്കുന്ന പരാമർശമെന്ന് അരിത

ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ അധിക്ഷേപിച്ച്‌ എ.എം ആരിഫ് എം.പി. പാൽ സൊസൈറ്റിയിലേക്കല്ല, കേരള നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഓർക്കണമെന്നാണ് ആരിഫ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞത്.ആരിഫിന്റെ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. അധ്വാന വർഗ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു.

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ആരിഫ് നടത്തിയ പരാമർശം അനുചിതമായി പോയി എന്ന നിലപാടാണ് എൽഡിഎഫ് ക്യാംപിനുള്ളത്. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത പ്രതികരണമാണ് വന്നതെന്ന് അരിതാ ബാബു പറഞ്ഞു. തൊഴിലാളി വർഗത്തെ അപമാനിക്കുന്ന ഈ പരാമർശം അദ്ദേഹത്തിന്റെ നാവിൽ നിന്ന് കേൾക്കേണ്ടിവന്നത് വളരെ വേദനയുണ്ടാക്കി.

രാഷ്ട്രീയമൊരു സേവനമായി കണ്ടുകൊണ്ട് എന്റെ അധ്വാനത്തിൽ കൂടിയാണ് ജീവിക്കുന്നതെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കഷ്ടപ്പെട്ട് ജീവിക്കേണ്ട കുടുംബ സാഹചര്യമാണ് തനിക്കുള്ളത്. അത് ചിലർക്കൊന്നും മനസ്സിലാകില്ലായിരിക്കും. ഇലക്ഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആലോചിച്ച്‌ നടപടിയുമായി മുന്നോട്ടുപോകുമെന്നും അരിത ബാബു പറഞ്ഞു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർത്ഥിയാണ്. എൽഡിഎഫിലെ സിറ്റിംഗ് എം.എൽ.എ പ്രതിഭയോടാണ് അരിത ഏറ്റുമുട്ടുന്നത്. ഉപജീവനത്തിനായി പശുവിനെ വളർത്തി പാൽ വിറ്റ് ജീവിക്കുന്നതാണ് അരിതയുടെ കുടുംബം.

പിതാവിനൊപ്പം അരിതയും പശുവിനെ വളർത്താനും പാൽ വിതരണത്തിലും പങ്കാളിയായിരുന്നു. ഇതിന്റെ പേരിൽ നേരത്തെയും അരിതയെ പരിഹസിച്ച്‌ പരാമർശങ്ങൾ വന്നിരുന്നു. അരിതയുടെ വീടിനു നേർക്കും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.