മുംബൈ: പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തയാഴ്ച പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ൽ സർക്കാരിന്റെ വൻ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തിൽ മാറ്റിമല്ലാതെ നിലനിർത്താനും റിസർവ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിൽ തുടർന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്.
ഏപ്രിൽ ഏഴിനാകും റിസർവ് ബാങ്ക് ഗവർണർ ആർബിഐയുടെ ധനനയ പ്രഖ്യാപിക്കുക. ആർ ബി ഐ ഗവർണർ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങൾ ചേർന്നതാണ്.
ആർ ബി ഐ നൽകിയ ഷെഡ്യൂൾ അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ എം പി സിയുടെ രണ്ടാമത്തെ യോഗം ജൂൺ 2, 3, 4 തീയതികളിൽ നടക്കും; മൂന്നാമത്തെ യോഗം (ഓഗസ്റ്റ് 4-6); നാലാമത്തെ യോഗം (ഒക്ടോബർ 6-8); അഞ്ചാമത്തെ മീറ്റിംഗ് (ഡിസംബർ 6-8) ആറാമത്തെ മീറ്റിംഗ് (ഫെബ്രുവരി 7-9, 2022) വരെയും നടക്കും.
പലിശ നിരക്ക് ക്രമീകരണത്തിനുളള ചുമതല സർക്കാർ 2016 ൽ ആർ ബി ഐ ഗവർണറിൽ നിന്ന് ആറ് അംഗ എം പി സിയിലേക്ക് മാറ്റി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 അനുസരിച്ച്, ഒരു വർഷത്തിൽ എം പി സിയുടെ കുറഞ്ഞത് നാല് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ബാങ്ക് ബാധ്യസ്ഥമാണ്.