തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തെ തുടർന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെ ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേരളത്തിലെത്തി. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എച്ച്.ആർ. ശ്രീനിവാസ് ആണ് കേരളത്തിലെത്തിയിരിക്കുന്നത്.
ഐടി വിദഗ്ധരുടെ പാനലിനെ നയിക്കുന്നതിനാണ് അദ്ദേഹം എത്തിയതെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐടി വിദഗ്ധൻ കൂടിയാണ്.
ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാൻ എത്തുന്പോൾ ഇവരുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം വിരലടയാളവും ഒപ്പും ശേഖരിക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്തിട്ടുള്ളുവെന്നു വ്യക്തമാക്കുന്ന ഡിക്ലറേഷനും നൽകേണ്ടി വരും. ഇവരുടെ മഷി അടയാളം ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിട്ടു പോകാൻ അനുവദിക്കുകയുള്ളു.
ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്തതായോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തെന്നു ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ സാധ്യതയുണ്ട്.