ന്യൂഡെൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ അസ്വാരസ്യത്തെ തുടർന്ന് സുരക്ഷ മുൻകരുതൽ ചുണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഒന്നായ പബ്ജി ഉടൻ മടങ്ങിയെത്തിയേക്കും. എന്നാൽ പബ്ജി തിരികെ വരുന്നതായ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല.
ആപ്പ് തിരികെ കൊണ്ടുവരുന്നതിനായി പബ്ജി മൊബൈലിന്റെ മാതൃസ്ഥാപനമായ ക്രാഫ്റ്റണിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്.തങ്ങൾ പബ്ജി ഇന്ത്യയെ യാഥാർത്ഥ്യമാക്കുവാനുള്ള ശ്രമത്തിലാണെന്നായിരുന്നു വിഷയത്തോടുള്ള ക്രാഫ്റ്റൺ വക്താവായ സീൻ ഹ്യൂനിൻ സോണിന്റെ പ്രതികരണം. എന്നാൽ ആപ്പ് എന്ന് പുറത്തുവരുമെന്നോ, അതിന്റെ തിയതിയോ നിലവിൽ പ്രഖ്യാപിക്കാൻ കഴിയില്ല.
തങ്ങൾ ഇന്ത്യൻ വിപണിയെ നിരീക്ഷിക്കുകയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാഗത്ത് നിന്നും പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ജി വീഡിയോകൾ ഉൾപ്പെടുത്തി ഒരു യുട്യൂബ് ചാനൽ നടത്തുന്ന ഗോഡ് നിക്‌സൺ എന്നറിയപ്പെടുന്ന ലവ് ശർമ്മയാണ് തന്റെ യുടൂബ് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പബ്ജി പുനരാരംഭിക്കുന്നതിനായി കേന്ദ്ര സർക്കാർ ഗ്രീൻ സിഗ്നൽ നൽകിയെന്നായിരുന്നു ഗോഡ് നിക്‌സൺ തന്റെ സമീപകാല വീഡിയോകളിൽ ഒന്നിൽ പറഞ്ഞത്.
ആപ്പ് എന്ന് തിരികെവരും എന്നത് സംബന്ധിച്ച് തിയതികളിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും എന്നാൽ ആപ്പുകൾ മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ട് മാസങ്ങൾ പബ്ജി പ്രേമികളെ സംബന്ധിച്ച് ആശ്വസിക്കാവുന്നതാണെന്നായിരുന്നു മറ്റൊരു യുട്യൂബറുടെ പ്രസ്താവന. എന്നാൽ ഇത് എന്ന് എത്തുമെന്നതിനെ കുറിച്ച് ഒരു വ്യക്തത നൽകാൻ ആരും ഇതേവരെ തയ്യാറായിട്ടില്ല.
രാജ്യത്ത് സുരക്ഷ ഭീഷണിയുണ്ടെന്നും അതിന്റെ മുൻകരുതൽ നടപടിയെന്നോണം ചൈനീസ് ആപ്പുകൾ നിരോധിക്കേണ്ടതുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് പബ്ജി ആപ്പിന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.