തിരുവനന്തപുരം: ചിലയിടത്ത് തിയേറ്റർ കിട്ടുന്നില്ലെന്നും സിനിമ റിലീസായ ഇടങ്ങളിൽ ടിക്കറ്റ് നൽകുന്നില്ലെന്നും ബിരിയാണി സിനിമ സംവിധായകൻ സജിൻബാബു. കേസരി സ്മാരകത്തിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടിക്കറ്റിനായി ക്യൂവിൽ നിൽക്കുന്നവരോട് മറ്റ് സിനിമകളുടെ ടിക്കറ്റു നൽകാമെന്നു പറഞ്ഞ് സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ തിരിച്ചയയ്ക്കുന്നു. പത്ത് സെൻററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നില്ല.
ഒരു പ്രദർശനം പോലും നടത്താതെ ഒഴിവാക്കുകയാണ്. സർക്കാർ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടും തിയറ്ററുകൾ ആരെയോ ഭയന്ന് സിനിമ കാണിക്കുന്നില്ല.
ചലച്ചിത്രമേളകളിൽ പങ്കെടുത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ബിരിയാണി സിനിമ. എന്നാൽ ചില സിനിമാ തിയറ്ററുകൾ സൂപ്പർ സെൻസർ ബോർഡായി പ്രവർത്തിക്കുകയാണ്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ സംവിധാനത്തിനുള്ള പ്രത്യേക പരാമർശവും നേടിയ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.