കണ്ണൂർ: തലശ്ശേരിയിൽ സിപിഎം വിമതനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്ഥാനാർഥി ഇല്ലാത്ത മണ്ഡലമാണ് തലശ്ശേരി. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി എന്ന ലേബലിൽ മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ അറിയിച്ചു.
മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസിൻ്റെ പത്രിക തള്ളിയത് പാർട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു.ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തി നസീർ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്.
ജനങ്ങൾക്ക് വേണ്ടിയാണ് മൽസരിക്കുന്നതെന്ന് സിഒടി നസീർ പറഞ്ഞു. ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനും ആണ് മുൻഗണന. എല്ലാവരുടെയും വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് നസീർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
വടക്കൻ മലബാറിൽ ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തലശേരി. ഇവിടെ സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.
പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടർമാരോട് ആരെ പിന്തുണയ്ക്കാൻ നിർദ്ദേശിക്കും എന്ന പ്രതിസന്ധിയിൽ പാർട്ടി എത്തിയത്. നസീർ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാർഥികളൊന്നും മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നില്ല.
ഒരുഘട്ടത്തിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാൻ പാർട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എൽഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്താനിരുന്ന മണ്ഡലമായിരുന്നു തലശേരി. പത്രിക തള്ളിയതോടെ തലശേരിയിലെ പരിപാടി അമിത് ഷാ റദ്ദാക്കുകയായിരുന്നു.
എ.എൻ.ഷംസീറാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി. കോൺഗ്രസിലെ എം.പി.അരവിന്ദാക്ഷനാണ് യുഡിഎഫിനായി ജനവിധി തേടുന്നത്.