തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപകമായി ഗുരുതരമായ ക്രമക്കേട്. തിരുവനന്തപുരം മണ്ഡലത്തിലെ കന്നി വോട്ടറായ സാന്ദ്ര എസ്. പെരേര എന്ന കുട്ടിക്ക് വോട്ടർ പട്ടിക പ്രകാരം 18 തവണ വോട്ട് ചെയ്യാം.ഓൺലൈൻ വഴിയാണ് സാന്ദ്ര വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയത്. ലഭിച്ചത് ഒരു തിരിച്ചറിയൽ കാർഡും.
പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് സാന്ദ്രയുടെ പേര് 18 തവണ ചേർക്കപ്പെട്ടത് ശ്രദ്ധയിൽപ്പെടുന്നത്.18 വോട്ടുകളും ചേർക്കപ്പെട്ടിരിക്കുന്നത് ഒരേ മണ്ഡലത്തിൽ തന്നെയെന്നതും വിചിത്രം.
ഒരേ പേരിൽ ചിത്രവും മാറാതെയാണ് ഈ ഇരട്ടിപ്പ് എന്നതാണ് സംഭവം ഗുരുതരമാക്കുന്നത്. സാന്ദ്രയ്ക്കൊപ്പം സഹോദരിയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയെങ്കിലും ഇവുടെ പേരിൽ ഇരട്ടിപ്പ് ഉണ്ടായിട്ടില്ല.മുൻമന്ത്രി വിഎസ്.ശിവകുമാർ യുഡിഎഫിനായും ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജു എൽഡിഎഫിനായും സിനിമാതാരം കൃഷ്ണകുമാർ ബിജെപിക്കായും മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
ഇരട്ടിപ്പ് വന്ന വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗുരുതര പിഴവ് കടന്നുകൂടിയിരിക്കുന്ന ഇത്തരം സാഹചര്യം കമ്മീഷൻ എങ്ങനെ മറികടക്കുമെന്നതാണ് സംശയം.