അഹമ്മദാബാദ്: ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ( ഐ ഐ എം) വിദ്യാർഥികളും ഒരു പ്രഫസറും ഉൾപ്പെടെ 40 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളും ഒരു പ്രൊഫസറും ഉൾപ്പെടെയുള്ളവർക്ക് വൈറസ് ബാധ കണ്ടെത്തിയത്.
ഇവരെ ക്വാറന്റൈനിലാക്കിയതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി ഹെൽത്ത് ഓഫിസർ മെഹുൽ ആചാര്യ പറഞ്ഞു. ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ 25 വിദ്യാർഥികൾക്കും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഐഐടിയിൽ രോഗം സ്ഥിരീകരിച്ച പലരും ലക്ഷണമില്ലാത്തവരായിരുന്നു. ഇവർ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്. ഞങ്ങളുടെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും കഴിഞ്ഞ വർഷം മുതൽ ഓൺലൈനിലാണ്. കാംപസിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രകളും നിയന്ത്രിച്ചിരിക്കുകയാണ്. കാംപസിലെ എല്ലാ താമസക്കാർക്കും ഞങ്ങൾ മുൻകരുതൽ മാർഗനിർദേശങ്ങൾ പതിവായി നൽകിവരുന്നതായും ഐഐഎംഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.