അസൻസോൾ: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പശ്ചിം ബർധമാൻ ജില്ലയിലെ ജംദാബാജ് ബെനെഡിയിലായിരുന്നു സംഭവം. നിരവധി പേർക്കു പരിക്കേറ്റു.
തൃണമൂൽ പ്രവർത്തകൻ സർബൻ ചൗധരി(40) ആണ് കൊല്ലപ്പെട്ടത്. ചൗധരിയും മറ്റുള്ളവരും ചേർന്ന് വീട്ടിൽ നാടൻ ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനവുമായി പാർട്ടിക്കു ബന്ധമില്ലെന്നാണു തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.
പാണ്ഡബേശ്വർ മണ്ഡലത്തിലാണു സ്ഫോടനം നടന്നത്. മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ബോംബ് നിർമാണത്തിൽ വിദഗ്ധനാണെന്ന് ബിജെപി സ്ഥാനാർഥി ജിതേന്ദ്ര തിവാരി കുറ്റപ്പെടുത്തി. ഈയിടെയാണ് തിവാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.