ട്വിറ്റര്‍ സ്ഥാപകൻ ജാക്ക് ഡോര്‍സിയുടെ ആദ്യ ട്വീറ്റ് വിറ്റു പോയത് കോടികള്‍ക്ക്

വാഷിംഗ്ടൺ: ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയുടെ ആദ്യ ട്വീറ്റ് വിറ്റു പോയത് കോടികള്‍ക്ക്. 21 കോടിയിലേറെ തുകയ്ക്കാണ് ട്വീറ്റ് വിറ്റുപ്പോയത്. ‘just set­ting up my twt­tr’ എന്നാണ് ഈ ആദ്യ ട്വീറ്റ്. ട്വിറ്റര്‍ സ്ഥാപിച്ച ശേഷമുള്ള ഈ ട്വീറ്റ് 2006 മാര്‍ച്ച് 21നാണ് ജാക്ക് ഡോര്‍സി ട്വീറ്റ് ചെയതത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തന്റെ ആദ്യ ട്വീറ്റ് ലേലത്തിന് വെക്കുകയാണെന്ന് ജാക്ക് ഡോര്‍സി തന്നെ നേരത്തെ അറിയിച്ചിരുന്നു.മലേഷ്യയില്‍ നിന്നുള്ള സിന എസ്റ്റാവിയാണ് ട്വിറ്ററിലെ ഈ ആദ്യ ട്വീറ്റ് കോടികള്‍ നല്‍കി സ്വന്തമാക്കിയത്. മോണലിസ പെയ്ന്റിംഗ് സ്വന്തമാക്കുന്നതിന് തുല്യമാണ് ഈ ട്വീറ്റ് സ്വന്തമാക്കുന്നതെന്ന് സിന പറഞ്ഞു.

‘ഇത് വെറുമൊരു ട്വീറ്റല്ല! മോണ ലിസ പെയിന്റിംഗിന്റെ മൂല്യം തിരിച്ചറിഞ്ഞത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ ഈ ട്വീറ്റിന്റെ മൂല്യവും തിരിച്ചറിയും,’ സിന എസ്റ്റാവി ട്വീറ്റ് ചെയ്തു.

വാല്യുബിള്‍സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു ഈ ട്വീറ്റിന്റെ ലേലം നടന്നത്. മാര്‍ക്കറ്റിലെ പുതിയ ക്രിപ്‌റ്റോകറന്‍സിയും ബിറ്റ്‌കോയിന്റെ എതിരാളിയുമായ എഥര്‍ ആണ് ഈ ലേലത്തില്‍ ഉപയോഗിച്ചത്.