എൻവി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ; ചീഫ് ജസ്റ്റിസ് എസ്എ ബോബെഡെ ഈ മാസം വിരമിക്കും

ന്യൂഡെൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്.എ.ബോബെഡെ വിരമിക്കാനിരിക്കേയാണ് പിൻഗാമിയായി എൻ.വി.രമണയെ തീരുമാനിച്ചത്. വാര്‍ത്താ ഏജൻസിയായ പിടിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിൻഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാൻ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻവി രമണ. 1957 ആഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ആഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്.

2014-ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആന്ധ്രാപ്രദേശ് സർക്കാർ രമണയ്ക്കെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ പാർട്ടിയായി ടിഡിപിക്ക് വേണ്ടി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ പരാതി. ആന്ധ്രാമുഖ്യമന്ത്രി വൈഎസ് ജ​ഗൻമോഹൻ റെഡ്ഡി ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചിരുന്നു.

ജമ്മു കശ്മീരിൽ ഇൻ‍ര്‍നെറ്റ് നിരോധിച്ചത് പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് ആര്ടിഐ നിയമത്തിന് കീഴിൽ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു. ആര്‍.എഫ്. നരിമാനാണ് രമണയ്ക്ക് ശേഷം സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജ്. അദ്ദേഹം ഈ ആഗസ്റ്റ് 12-ന് വിരമിക്കും. ജസ്റ്റിസ് യു. ലളിതാണ് അടുത്ത സീനിയര്‍. അദ്ദേഹത്തിന് 2022 നവംബര്‍ എട്ട് വരെ സര്‍വ്വീസ് ബാക്കിയുണ്ട്.