കൊച്ചി: അങ്കമാലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ര്‍ത്ഥി റോജിഎംജോണ്‍ എംഎല്‍എയുടെ പര്യടന വാഹനങ്ങള്‍ക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാര്‍ത്ഥിയും സംഘവും വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു. എയര്‍പോര്‍ട്ട് മരോട്ടിച്ചോട് കനാല്‍ ബണ്ട് റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം.
പതിനഞ്ചാം വാര്‍ഡിലെ തലശേരിയില്‍ നിന്നും മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പുറകിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹന വ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ മഴയും കാറ്റുമുണ്ടായി. ശക്തമായ കാറ്റില്‍ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്ക് വീണു. ഇതോടെ കനാല്‍ ബണ്ടില്‍ നിന്ന വൈദ്യുതി പോസ്റ്റ് തൊട്ടുപിന്നാലെ വന്ന തുറന്ന ജീപ്പിന് മുകളിലേക്ക് ചാഞ്ഞു. ഉടൻ എം.എല്‍.എയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി എന്നിവര്‍ വാഹനത്തില്‍ നിന്നും താഴെയിറങ്ങി.
ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.
അല്പസമയത്തെ വിശ്രമ ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടര്‍ന്നു. ഇന്നലെ രാവിലെ മുതലാണ് കാലടി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്.