കൊച്ചി: പലവട്ടം അര്‍ബുദം ആക്രമിച്ചിട്ടും പൊരുതി ചിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സീരിയൽ നടിശരണ്യ വീണ്ടും രോഗത്തിൻ്റെ പിടിയിൽ. സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുമ്പോഴാണ് ശരണ്യയെ അർബുദം ആക്രമിച്ചത്. ഒട്ടും വയ്യാത്ത അവസ്ഥയില്‍ ശരണ്യയെ കണ്ടിട്ടുണ്ട്. അതൊക്കെ മറികടന്ന് പുഞ്ചിരിയോടെ ശരണ്യ തിരികിയെത്തിയപ്പോള്‍ മലയാളികള്‍ സന്തോഷിച്ചു.
ഇപ്പോൾ ശരണ്യക്ക് വീണ്ടും രോഗം വരുന്നുവെന്നാണ് വാര്‍ത്തകള്‍. ശരണ്യയുടെ അമ്മ തന്നെയാണ് മകളുടെ റ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. ശരണ്യ ഇല്ല. പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന്‍ എന്റെ കൂടെയുണ്ട്.
അവള്‍ക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്‍നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു. അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്.
സര്‍ജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കൊറോണ ടെസ്റ്റ് നടത്തി. അതിന്റെ ഫലം ഉടന്‍ അറിയാം. ഈ ആഴ്ച തന്നെ സര്‍ജറി ഉണ്ടാകും. നവംബര്‍ 28ന് നടത്തിയ സ്‍കാനിങില്‍ ട്യൂമര്‍ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സര്‍ജറി താമസിപ്പിച്ചത്. അവള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ പരമാവധി നീട്ടിക്കൊണ്ടുപോകാം എന്നായിരുന്നു അവരെല്ലാം പറഞ്ഞത്.
ജനുവരി 28നുള്ള സ്കാനിങില്‍ അത് കുറച്ചുകൂടി വളര്‍ന്നു. അന്ന് തന്നെ മാര്‍ച്ചില്‍ സര്‍ജറി ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഇതിനിടയില്‍ ബുദ്ധിമുട്ട് വന്നാല്‍ പെട്ടന്നു തന്നെ സര്‍ജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയില്‍ അവള്‍ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്‍ജാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായിയായെന്നും ശരണ്യയുടെ അമ്മ പറയുന്നു.