തലശ്ശേരി: ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായ തലശ്ശേരിയിൽ വോട്ട് എങ്ങോട്ടെന്നതിനെ ചൊല്ലി ചർച്ചകൾ കൊഴുക്കുന്നു. സംസ്ഥാനം ശ്രദ്ധിക്കുന്ന രാഷ്ട്രീയ പോരാട്ടമാണിവിടെ. ഇരുപത്തിരണ്ടായിരത്തിലധികം വരുന്ന ബിജെപി വോട്ടുകൾ ആർക്കുപോകും എന്നതാണ് ചൂടൻ ചർച്ച. ബിജെപി വോട്ടുകച്ചവടം നടക്കുമെന്ന് പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും രംഗത്ത് എത്തിക്കഴിഞ്ഞു.
എ എൻ ഷംസീർ എളുപ്പം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച തലശ്ശേരിയിൽ പൊടുന്നനെ സംഭവിച്ചത് വൻ ട്വിസ്റ്റ്. ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രികയിലെ ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാഞ്ഞതിനാൽ പത്രിക തള്ളി, ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചില്ല.
കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങാനാകുമെന്ന് ബിജെപി അവകാശപ്പെടുമ്പോഴും സാധ്യത വിരളമാണെന്ന് നിയമ വിദഗ്ധർ പറയുന്നു. ഇത്തവണ തലശ്ശേരിയിലെ ബിജെപി വോട്ടുകൾ ആർക്ക് പോകുമെന്ന ചർച്ച കൊഴുക്കുകയാണ്. മണ്ഡലത്തിൽ 22125 വോട്ടാണ് കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത്.
കഴിഞ്ഞ തവണ ഷംസീറിന്റെ ഭൂരിപക്ഷം 34,117 ആയിരുന്നു. ജില്ലയിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിൽ പോയാൽ മത്സര ഫലം പ്രവചനാതീതമാകും. വോട്ട് കച്ചവടം ഉണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തിറങ്ങിക്കഴിഞ്ഞു.