കൊച്ചി : തൃപ്പുണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥി കെ ബാബുവിന്റെ ആകെ ആസ്തി 2,14,74,880 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വകകൾ വ്യക്തമാക്കുന്നത്. 1,00,79,072 രൂപയുടെ ആസ്തി ബാബുവിന്റെ പേരിലും 1,13,95,808 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമായാണ് ഉള്ളത്.
ബാബുവിന്റെ പക്കൽ 40,000 രൂപയും ഭാര്യയുടെ കയ്യിൽ രണ്ടായിരം രൂപയുമുണ്ട്. 11,50,000 രൂപ വിലമതിക്കുന്ന കാറും, 2009 മോഡൽ സ്കൂട്ടറും ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ പക്കൽ സ്വർണം ഇല്ല. ഭാര്യക്ക് 8,40,000 രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണമുണ്ട്.
32.13 കോടിയുടെ സ്വത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഭാര്യ എൽസ കാതറിൻ ജോർജിന്റെ പേരിൽ 95.2 ലക്ഷത്തിന്റെ സ്വത്തുണ്ട്. മകൻ ആർഡൻ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുണ്ട്.
25 ലക്ഷമാണ് മാത്യു കുഴൽനാടന്റെ ആകെ ബാധ്യത. കുഴൽനാടന് 11,66,152 രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്. ദുബായ് കരിയർ ഹൗസ് കമ്യൂണിക്കേഷനിൽ ഒമ്ബത് കോടിയുടെയും കെഎംഎൻപി ലോ ഫേമിന്റെ ഡൽഹി, കൊച്ചി, ഗുവാഹതി, ബംഗളൂരു ഓഫിസുകളിലായി 10.33 കോടിയുടേയും ബോണ്ട്, ഓഹരി സമ്പാദ്യം കുഴൽനാടനുണ്ട്.
14 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയും, 23 ലക്ഷത്തിന്റെ ബെൻസും കുഴൽനാടന്റെ പേരിൽ വാഹനമായുണ്ട്. 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കർ സ്ഥലം കടവൂരും, എറണാകുളം എളംകുളത്ത് 55 ലക്ഷം വിലമതിക്കുന്ന ഫ്ളാറ്റുമുണ്ട്. എറണാകുളത്ത് 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ്, ഇടപ്പള്ളി സൗത്തിൽ ഭാര്യയുടെ കൂടി പേരിലുള്ള 1.35 കോടി വിലമതിക്കുന്ന 5 സെന്റ് വീടുമുണ്ട്. ഇടുക്കി ചിന്നക്കനാലിൽ 3.5 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം ഉൾപ്പെടെയുള്ള വസ്തുവിന്റെ പകുതി ഷെയർ ഉണ്ട്.
കട്ടപ്പനയിൽ 4.5 ഹെക്ടർ സ്ഥലത്ത് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷം രൂപയുണ്ട്. 200 പവൻ സ്വർണം, 16.74 ലക്ഷത്തിന്റെ എൽഐസി പോളിസി, ഒന്നര ലക്ഷത്തിന്റെ മാരുതി കാർ എന്നിവയാണ് ഭാര്യയുടെ പേരിലുള്ളത്.