കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അലിപൂർദോർ മണ്ഡലത്തിലെ സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചു. മുൻ സാമ്പത്തിക മുഖ്യഉപദേഷ്ടാവ് അശോക് ലാഹിരിയെയാണ് പിൻവലിച്ചത്. പ്രാദേശിക വികാരം കണക്കിലെടുത്താണ് ലാഹിരിയെ പിൻവലിക്കുന്നതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. വടക്കൻ ബംഗാളിലെ അലിപൂർദോറിൽ ലാഹിരിക്ക് ജാതിയുമായി ബന്ധപ്പെട്ട എതിർപ്പുകളാണ് ഉയർന്നുവന്നത്.
അദ്ദേഹത്തെ ഇനി തെക്കൻ ദിനാജ്പൂർ ജില്ലയിലെ ബലുർഘട്ടിൽ നിന്ന് അദ്ദേഹത്തെ കളത്തിലിറക്കും. ലാഹിരി പുറത്തുനിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിൽ എതിർപ്പ് ഉയർന്നത്. ലാഹിരിക്കു പകരം സുമൻ കഞ്ജിലാൽ സ്ഥാനാർഥിയാകും. ലുർഘട്ട്, റാഷ്ബെഹാരി, ഡാർജിലിംഗ്, കുർസിയോംഗ്, കലിംപോംഗ് എന്നീ അഞ്ച് സീറ്റുകളിലേക്ക് പാർട്ടി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബുദ്ധിജീവികളിൽനിന്നുള്ള പിന്തുണ പ്രതീക്ഷിച്ചാണ് ലാഹിരിയെ ബിജെപി പരീക്ഷിക്കാൻ തീരുമാനിച്ചത്.
ഇത്തരത്തിൽ നിരവധി കലാകാരന്മാരെയും ശാസ്ത്രജ്ഞരെയും തെരഞ്ഞെടുപ്പിൽ പരീക്ഷിക്കാനാണ് ബിജെപി തയാറെടുക്കുന്നത്.എന്നാൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ഉൾപ്പെടെ ബിജെപി പാളയിത്തിലേക്ക് എത്തിയ നേതാക്കളെ പരിഗണിക്കുന്നെന്നാരോപിച്ച് പാർട്ടി അണികളിൽ വലിയ അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്.