തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒൻപത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങൾ കമ്മീഷന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് ഉദുമയിൽ കുമാരി എന്ന വോട്ടറുടെ കാര്യത്തിൽ വെളിവാക്കപ്പെട്ടതു പോലെ വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് പല തവണ ആവർത്തിക്കപ്പെട്ടതും കൂടുതൽ വോട്ടർ ഐഡൻറിറ്റി കാർഡുകൾ വിതരണം ചെയ്യപ്പെട്ടതും ഈ വോട്ടർമാർ അറിയണമെന്നില്ല.
സംഘടിതമായി ചില നിക്ഷിപ്ത താൽപര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രിമത്വം നടത്തിയിരിക്കുന്നത്. ഈ അട്ടിമറി നടത്തിവർ ഐഡൻറിറ്റി കാർഡുകൾ കൈയടക്കിയിരിക്കുകയാണ്. വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നു എന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിക്കാൻ യുഡിഎഫ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരിൽ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിൻറെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇന്ന് നൽകിയ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവന്നൂരാണെന്നും (4395പേർ) ചെന്നിത്തല പറഞ്ഞു.
കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283) എന്നീ മണ്ഡലങ്ങളുടെ പട്ടികയാണ് കൈമാറിയത്. പലയിടത്തും വോട്ടേഴ്സ് ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.