തൃശൂർ: ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശബരിമല വിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബിജെപി അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഒരു വിഭാഗം യാത്രക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം പത്ത് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. കൊറോണ വാക്‌സിൻ എടുത്ത ശേഷമായിരിക്കും തൃശൂരിലടക്കം പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുക.