ന്യൂഡെൽഹി: കോൺഗ്രസിലായിരിക്കുമ്പോഴും ശരത് പവാറിൻ്റെ വിശ്വസ്തനായിരുന്ന പി സി ചാക്കോ ഒടുവിൽ പഴയ ലാവണത്തിലേക്ക് മടങ്ങി. ചാക്കോ എൻസിപിയിൽ അംഗത്വം സ്വീകരിച്ചതോടെ എൽഡിഎഫ് പാളയത്തിലെത്തി. എൽഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവർത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നേരത്തെ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പിസി. ചാക്കോ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം യെച്ചൂരിക്കൊപ്പം മാധ്യമങ്ങളെ കണ്ടത്. ചാക്കോ അടുത്ത ദിവസം മുതൽ കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്കായി പ്രചരണത്തിനിറങ്ങും. സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തി.
കാലങ്ങൾക്ക് ശേഷം എൽഡിഎഫ് പാളയത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാർത്താ സമ്മേളനത്തിൽ പി സി ചാക്കോ പറഞ്ഞു.
ചാക്കോയുടെ പഴയ പാർട്ടി എൻസിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചത്. ഡെൽഹിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേർന്ന് സംയുക്ത വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു.