മംഗലംഡാം: ദുരൂഹ സാഹചര്യത്തിൽ വീടുകളുടെ സമീപത്തായി ചോരപ്പാടുകൾ കണ്ടതിൽ ജനങ്ങൾക്ക് ആശങ്ക. മംഗലംഡാം കല്ലാനക്കരയിൽ കോൺക്രീറ്റ് റോഡിലും പ്രകാശെൻറയും പരേതനായ ചന്ദ്രെൻറയും വീടുകളുടെ സമീപത്തുമാണ് രക്തപ്പാടുകൾ കണ്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
വീട്ടുകാർ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്തും റോഡിലുമായി ചോരപ്പാടുകൾ കാണുന്നത്. കോൺക്രീറ്റ് റോഡിൽ രക്തം ഒലിച്ച നിലയിൽ കാണപ്പെട്ടു. പ്രകാശൻ്റെ വീട്ടുമുറ്റത്തുള്ള ചോരപ്പാട് പുറകിലെ കുളിമുറി വരെയുണ്ട്. പുലർച്ച രണ്ടരയോടെ നായ്ക്കൾ കുരച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. മറ്റു ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും ഇവർ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ വാർഡ് മെംബർ വി. വാസു മംഗലംഡാം സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയിക്കത്തക്കതായിട്ട് ഒന്നും കണ്ടില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും മംഗലംഡാം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് പറഞ്ഞു.