ന്യൂഡെൽഹി: ശസ്ത്രക്രിയക്ക് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയ വിജ്ഞാപനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുർവേദ ഡോക്ടർമാർക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കോടതി കക്ഷികളോട് നിർദേശിച്ചു.
ഇക്കഴിഞ്ഞ നവംബർ 19-നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാർ ചെയ്യുന്ന 58 തരം സർജറികൾ ഇനി മുതൽ ആയുർവേദ ഡോക്ടർമാർക്കും ചെയ്യാമെന്ന ഉത്തരവ് സ്ട്രക് കൌൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (CCIM) പുറത്തിറക്കിയത്. ഇതിനെ തുടർന്ന് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കൽ ബന്ദും പ്രഖ്യാപിച്ചിരുന്നു.
വർഷങ്ങളായി ഇത്തരം ശസ്ത്രക്രിയകൾ ആയുർവേദത്തിൽ നടക്കുന്നുണ്ടെന്നും വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താൻ മാത്രമാണെന്നും സെൻട്രൽ കൌൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അറിയിച്ചിരുന്നു. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ സർജറിയും ഉൾപ്പെടുത്തുന്നത്.