തിരുവനന്തപുരം: ബി ജെ പി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിലാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.
അതേസമയം, ബി ജെ പി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിട്ടായിരിക്കും പ്രഖ്യാപനം. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേർന്നത്.
എല്ലാ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കെ സുരേന്ദ്രൻ്റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകും.