ന്യൂയോർക്ക്: ഒരു ദിവസം ഓഹരി വിപണിയിൽ നിന്ന് 25 മില്യൺ ഡോളർ. ഇത് ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ വമ്പൻ നേട്ടം. 1.81 ലക്ഷം കോടിയാണ് വരുമാനത്തിൽ മസ്ക് കൂട്ടിച്ചേർത്തത്. ഇതോടെ മസ്കിൻറെ ആകെ ആസ്തി 174 ബില്യൺ ഡോളറായി ഉയർന്നു. ബെസോസുമായുള്ള വരുമാന വ്യത്യാസം ഇലോൺ മസ്ക് കുറക്കുകയും ചെയ്തു.
ടെക് ഭീമൻമാരായ ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക് എന്നിവരുടെ കരുത്തിൽ യു.എസ് ഓഹരി സൂചികയായ നാസ്ഡാക്ക് 3.7 ശതമാനം ഉയർന്നിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻറെ വരുമാനവും കൂടിയിട്ടുണ്ട്. 6 ബില്യൺ ഡോളറിൻറെ പ്രതിദിന വർധനയോടെ വരുമാനം 180 ബില്യൺ ഡോളറായി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്ല ഓഹരികൾ കടുത്ത വിൽപന സമ്മർദം നേരിടുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഓഹരി വില 20 ശതമാനം ഉയർന്നതോടെ മസ്ക് വൻ നേട്ടമുണ്ടാക്കുകയായിരുന്നു.