ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിൽ ചേർന്ന് പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തിൽ. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എൽ മുരുഗന്റെ സാനിധ്യത്തിലാണ് സെന്തിൽ വ്യാഴാഴ്ച്ച ബിജെപിയിൽ ചേർന്നത്. താരം ഇതിന് മുമ്പ് എഐഎഡിഎംകെ അംഗമായിരുന്നു.
വർഷങ്ങൾക്ക് മുമ്പും താൻ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു. എന്നാൽ അത് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും സെന്തിൽ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും പാർട്ടിയിൽ ചേർന്നതിന് ശേഷം സെന്തിൽ പറഞ്ഞു.
തമിഴ് സിനിമാ മേഖലയിലെ പ്രമുഖ ഹാസ്യ താരങ്ങളിൽ ഒരാളായ സെന്തിൽ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ സജീവമല്ലായിരുന്നു. കൗണ്ടമണിക്കൊപ്പമാണ് സിനിമയിൽ കൂടുതലും സെന്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ജോഡി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.