Home State വനിതാദിനത്തിൽ പോലീസ് സ്റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്

വനിതാദിനത്തിൽ പോലീസ് സ്റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്

0

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസർമാർ വഹിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വനിതാ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ അവർ ഈ ദിവസം സ്റ്റേഷൻ്റെ ചുമതല വഹിക്കും. സ്റ്റേഷനിൽ ഒന്നിലധികം വനിതാ സബ് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കും. വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയന്ത്രണത്തിൽ അവർ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസറും വനിതാ ഉദ്യോഗസ്ഥയായിരിക്കും.

അന്താരാഷ്ട്ര വനിതാദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൽ വനിതാ കമാൻഡോകൾ ആയിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാൻഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാൻഡോകളെ ഗാർഡ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്തും.

ഹൈവേ പട്രോൾ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.റ്റി.എൻ.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നൽകും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നടപടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here