ന്യൂഡെൽഹി: മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഡെൽഹിയും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യൂക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഡെൽഹിയിൽ 1,000 സർക്കാർ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സർക്കാർ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്. അടുത്ത അധ്യയന വർഷം 20 മുതൽ 25 വരെ സ്‌കൂളുകൾ സിബിഎസ്ഇ അഫിലിയേഷൻ ഉപേക്ഷിച്ച് പുതിയ ബോർഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സംസ്ഥാന ബോർഡിന് കീഴിലുള്ള സ്‌കൂളുകൾ തീരുമാനിക്കുക. നാലോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോർഡിന് കീഴിൽ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ ബോർഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ പദ്ധതി തയ്യാറാക്കാൻ ഡൽഹി സർക്കാർ കഴിഞ്ഞ ജൂലൈയിൽ രണ്ട് സമിതികൾക്ക് രൂപം നൽകിയിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിനും ആം ആദ്മി സർക്കാർ ബജറ്റിൽ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.