ബെംഗളൂരു: കർണാടകയിൽ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജിക്കു വഴിവച്ച അശ്ലീല വിഡിയോയിലെ യുവതിക്കായി പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. യുവതിയെ ജാർക്കിഹോളി പീഡിപ്പിച്ചെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. വിഡിയോയിൽ യുവതിയുടെ മുഖം മറച്ച് എഡിറ്റ് ചെയ്തിട്ടുണ്ടെന്നും അവരുടെ മൊഴിയെടുക്കാതെ കേസ് നിലനിൽക്കില്ലെന്നും പൊലീസ് പറയുന്നു.
അതേസമയംയൂട്യൂബിൽ അശ്ലീല വിഡിയോ അപ്‍ലോഡ് ചെയ്തത് റഷ്യൻ ഐപി വിലാസത്തിൽ നിന്നാണെന്നും കണ്ടെത്തി. ജീവനു ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ദിനേഷ് എസ്പിയെ സമീപിച്ചു. യുവതിയുടെയോ വിഡിയോ കൈമാറിയ ബന്ധുവിന്റെയോ വിവരം കൈമാറാത്തതിനാൽ ദിനേഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
എന്നാൽ രാഷ്ട്രീയ ശത്രുക്കൾ ആസൂത്രണം ചെയ്ത പെൺകെണിയാണെന്ന വാദവും ശക്തമാണ്. കഴിഞ്ഞദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. എന്നാൽ വീഡിയോ വ്യാജമാണെന്നും താൻ തെറ്റുകാരനല്ലെന്നും ജർക്കിഹോളി പറഞ്ഞു. പിന്നാലെ ജാർക്കോളി രാജിവെച്ചിരുന്നു.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കെപിടിസിഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.