കൊൽക്കത്ത: സ്ഥാനാർഥി പട്ടിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്നുറപ്പായി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു.
സ്ഥാനാർഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്.
294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേബ് ചട്ടോപാധ്യായയാണ് സ്ഥാനാർഥി.
നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
നിലവിലുള്ള 24 ഓളം എംഎൽഎമാർക്ക് സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരി ഷിബ്പുരിൽ മത്സരിക്കും. തൃണമൂലിന്റെ സിറ്റിങ് സീറ്റാണിത്.