ജിഎസ്ടി പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ പിന്തുണച്ച് കെ വി സുബ്രഹ്മണ്യൻ

ന്യൂഡെൽഹി: ജി എസ് ടി യുടെ പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരെ ബാധിക്കുകയും നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിലവർധന ഒരു രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്തി‌ട്ടുണ്ട്.

പണപ്പെരുപ്പ സമ്മർദ്ദം കൂടുന്നതിന് കാരണം ഭക്ഷ്യവിലക്കയറ്റമാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ജിഎസ്ടി പരിധിയിലാക്കുന്നതോ‌ടെ രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്ക് വലിയ തോതിൽ കുറയുമെന്നാണ് കണക്കാക്കുന്നത്.