കൊച്ചി: കുതിരാനിൽ ദേശീയപാത നിര്‍മാണം നിലച്ചെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. ഒരു ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ പണികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാമെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ കമ്പനിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു.
ചീഫ് വിപ്പ് കെ.രാജന്‍ എംഎല്‍എ ഹര്‍ജി നല്‍കിയത് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നും അതോറിറ്റി വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ മൂലമാണ് പണി മുടങ്ങുന്നതെന്നും പണി തടസപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം തേടേണ്ടിവന്നു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ചീഫ് വിപ്പ് രംഗത്തെത്തിയതെന്നും അതോറിറ്റി ആരോപിച്ചു. കേരളമൊഴികെ മറ്റിടങ്ങളിലെല്ലാം പണികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നുണ്ടന്നും അതോറിറ്റി വ്യക്തമാക്കി.