ആഴക്കടൽ മത്സ്യബന്ധന കരാർ; പ്രതിപക്ഷ നേതാവ് പൂന്തുറയിൽ ഉപവാസ സമരത്തിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻ്റെ ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം തുടങ്ങി. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു.

കള്ളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ആണ് മന്ത്രിമാരുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. സ്പ്രിങ്ക്ളറിൽ ഉൾപ്പെടെ ഇത് കണ്ടു. ഇവിടെ അത് നടക്കില്ല. ഇ എം സി സി ഫ്രോഡ് കമ്പനി ആണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരമൊരു റിപ്പോർട്ട് കേന്ദ്രം നൽകിയിട്ട് ഉണ്ടെങ്കിൽ പുറത്തു വിടാൻ ഫിഷറീസ്‌ സെക്രട്ടറി തയ്യാറാകണം.

പിടിക്കപ്പെട്ടപ്പോൾ മന്ത്രി ഓരോന്ന് പറയുന്നു. മന്ത്രിയുടെ ഭാഷയിൽ മറുപടി പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പറയുന്ന അഴിമതിയെല്ലാം ശരിവയ്ക്കുന്നതാണ് സർക്കാർ നടപടികളെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തല എന്നും മുല്ലപ്പള്ളി പറഞ്ഞു.