റിയാദ്: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിബന്ധനകൾ. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം കൊറോണ നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും പിസിആർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിലാണ് കൊറോണ ടെസ്റ്റ് നടത്തേണ്ടത്.തിങ്കളാഴ്ച അർധരാത്രി മുതൽ പുതിയ നിബന്ധനകൾ പ്രബല്യത്തിലായത്.
എല്ലാ അന്തരാഷ്ട്ര യാത്രക്കാരും ഡൽഹി എയർപോർട്ടിന്റെ വെബ്‌സൈറ്റിൽ എയർ സുവിധ സത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കണം. പാസ്‌പോർട്ടിന്റെ ആദ്യ പേജും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടാതെ ഇതിന്റെ രണ്ട് വീതം പ്രിന്റൗട്ടുകൾ കൈയ്യിൽ സൂക്ഷിക്കുകയും വേണം. ഇത് ഗൾഫിലെ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സമയത്ത് കാണിക്കേണ്ടി വരും.
അതേസമയം എയർ സുവിധ ഫോം പൂരിപ്പിക്കാത്തവരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല. കൂടാതെ ഗൾഫ് മേഖലയിലെ യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തെ യാത്ര വിവരങ്ങളും ഓൺലൈനിൽ നൽകണം. ഇന്ത്യയിലെത്തുമ്പോൾ അതാത് വിമാനത്താവളങ്ങളിൽ കോവിഡ്കൊറോണ പരിശോധനയ്ക്ക് വിധേയരുമാകണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ വീടുകളിൽ 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിലിരിക്കണം.