തൊടുപുഴ: പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു അനുവെന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടപാറ വണ്ടിത്തറയിൽ അരുണിനെയാണ് (അനു-28) സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽനിന്നുള്ള നിഗമനം.
ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്. അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുണും രേഷമയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അരുൺ പിതാവിന്റെ അർധസഹോദരനായതിനാൽ രേഷ്മ ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചതാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു.
ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ ഇന്നലെ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്തു പരിശോധന നടത്തിയിരുന്നു. 7 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
കൊലപാതകത്തിനു മുൻപു തന്നെ അരുൺ തന്റെ മൊബൈൽ ഫോൺ ഒടിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങൾ പവർഹൗസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണു പൊലീസിനു ലഭിച്ചത്. കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ് പ്രതി സ്ഥലത്തെത്തി കാര്യങ്ങൾ മനസ്സിലാക്കി വച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇയാൾ പലതവണ ഇവിടെ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.