ജനീവ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യയെ പ്രശസിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യ ലോകനേതാവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊറോണ വാക്സിൻ വിതരണത്തിലും രോഗപ്രതിരോധത്തിലും ലോകരാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ പരിഗണിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന.
യുഎൻ സമാധാന പ്രവർത്തകർക്ക് രണ്ട് ലക്ഷം ഡോസ് വാക്സിൻ നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് അന്റോണിയോ ഗുട്ടറസ് നേരിട്ട് നന്ദി അറിയിച്ചതായി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയാണ് ഗുട്ടറസ് നന്ദി അറിയിച്ചത്.
നൂറ്റിയൻപതിൽ പരം രാജ്യങ്ങൾക്ക് ദുരിതകാലത്ത് ഇന്ത്യ കൈത്താങ്ങായതായി തിരുമൂർത്തി വ്യക്തമാക്കി. നേരത്തെ കൊറോണ പ്രതിസന്ധി നേരിടാൻ ആഗോള വാക്സിൻ വിതരണ രംഗത്ത് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചിരുന്നു.