ചെന്നൈ: പുതുച്ചേരി നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അധികാരം പിടിക്കാൻ ബിജെപി കരുനീക്കം ശക്തമാക്കി. പ്രതിപക്ഷ എംഎൽഎമാർക്ക് സായുധസേനയുടെ സുരക്ഷ ഏർപ്പാടാക്കി. അണ്ണാ ഡിഎംകെയിലെ വി. മണികണ്ഠൻ, എ ഭാസ്കർ, എൻആർ കോൺഗ്രസിലെ എൻഎസ് ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലഫ്റ്റന ൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്.
എംഎൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറിയിച്ചു. 14 എം.എൽ.എമാരുടെ പിന്തുണയാണ് ഇരുപക്ഷത്തിനും ഉള്ളത്. എംഎൽഎമാരുടെ എണ്ണം തുല്യമായി വരുന്ന സാഹചര്യത്തിലേ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ചെയ്യാൻ സാധിക്കു.
സുരക്ഷ ഏർപ്പെടുത്തിയ മൂന്നു എംഎൽഎമാർ സഭയിൽ വരാതിരുന്നാൽ ഭരണപക്ഷത്തിന് വിശ്വാസ വോട്ട് നേടാൻ സാധിക്കും. ഈ നീക്കത്തിന് തടയിടാനാണ് ബിജെപിയുടെ നീക്കം. അതിനിടെ, വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാരുടെ അധികാരപരിധിയെച്ചൊല്ലി കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന് കത്തയച്ചു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നു പേരെ നോമിനേറ്റഡ് എംഎൽഎമാരായി നിയമിച്ചിരുന്നു. ഇവർക്ക് സഭയിലെത്തുന്ന മറ്റു വിഷയങ്ങളിൽ വോട്ടവകാശമുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്നാണ് കോൺഗ്രസിൻ്റെ വാദം.