ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് വ്യാജ പ്രചരണം. ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ കേരളത്തില്‍നിന്നുള്ള ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം.ട്വിറ്ററിലൂടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെടെ വ്യാപക പ്രചരണം നടത്തുന്നത്. നൂറു കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.
കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂറാണ് ദിഷയുടെ സ്വദേശം. ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷ അണ്ണപ്പ രവി എന്നാണ് മുഴുവന്‍ പേരെന്നും കുടുബം വെളിപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിശയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഒരു മാസമായി തുടരുന്ന കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ടൂൾ കിറ്റ് സൃഷ്ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്തതിനാണ് ദിശയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിശയുടെ അറസ്റ്റോടെ വിമതരെ നിശബ്ദരാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിതെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും വിമർശനം രൂക്ഷമായിട്ടുണ്ട്.