ന്യൂഡെല്‍ഹി: ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ രണ്ട് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 17 കോടി രൂപ കണ്ടെത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് എന്നിവയുടെ അക്കൗണ്ടുകളുകളാണ് ഇഡി മരവിപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും അനധികൃതമായാണ് പണം കൈവശം വച്ചതെന്ന് ഇഡി വ്യക്തമാക്കി. 17.66 കോടി രൂപയുടെ സ്വത്തുക്കളാണ് തടഞ്ഞു വച്ചിരിക്കുന്നത്.
വിദേശധനസഹായം സ്വീകരിക്കുന്ന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഇതുവരെ ആംനസ്റ്റിയുടെ 19.54 കോടി ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫൗണ്ടേഷന് ട്രസ്റ്റ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഫൗണ്ടേഷന് എന്നീ സംഘടനകള്‍ക്കെതിരെ സിബിഐയും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.
ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ടിലെ വിവിധ വകുപ്പുകളും ഐപിസി 120-ബി പ്രകാരവുമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു.