ചണ്ഡിഗഢ് : കേന്ദ്ര സർക്കാരിനെതിരെ കർഷക സമര നടക്കുന്നതിനിടെ പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും അകാലിദളും ഏറെ പിന്നിലാണ്. എട്ട് മുൻസിപ്പൽ കോർപ്പറേഷനിലും 109 നഗര പഞ്ചായത്തുകളിലും കോൺഗ്രസ്സ് ആണ് മുന്നിൽ.
രാജ്പുര മുനിസിപ്പൽ കൗൺസിലിലെ 31 സീറ്റുകളിൽ 27 എണ്ണം കോൺഗ്രസ് നേടി. ബിജെപി രണ്ട് സീറ്റും അകാലിദളും എഎപിയും ഓരോ സീറ്റിലും വിജയിച്ചു. ദേരാബസി മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസ് എട്ടിടത്തു ജയിച്ചു. ശിരോമണി അകാലിദളിന്റെ ശക്തികേന്ദ്രമായ ജലാലാബാദിലും കോൺഗ്രസ്സാണ് മുന്നിൽ. ബിജെപിക്ക് വേണ്ടി മത്സരിക്കാൻ പോലും ആളില്ലാത്ത സ്ഥിതി വിശേഷമായിരുന്നു പഞ്ചാബിൽ.
കോൺഗ്രസ്സ് ആണ് സംസ്ഥാനം ഭരിക്കുന്നത്. ആംആദ്മി പാർട്ടിയും മുന്നേറ്റം നടത്തുന്നുണ്ട്.2015ലെ തെരഞ്ഞെടുപ്പിൽ അകാലിദളും ബിജെപിയും സഖ്യത്തിലാണ് മൽസരിച്ചത്. കർഷക പ്രക്ഷോഭത്തെത്തുടർന്ന് അകാലിദൾ എൻഡിഎ വിട്ടശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അകാലിദളും ബിജെപിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്.
2,302 വാർഡുകൾ എട്ട് മുനിസിപ്പൽ കോർപ്പറേഷൻ, 190 മുനിസിപ്പൽ കൗൺസിൽ-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണു ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊറോണ കാരണമാണ് നീട്ടിവച്ചത്.
കോൺഗ്രസ്, അകാലിദൾ, ബിജെപി, ആംആദ്മി പാർട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കർഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്ക് ഏറെ നിർണായകമാണ് ജനവിധി.
അകാലിദൾ സഖ്യം വിട്ടത് ബിജെപിക്കു തിരിച്ചടിയാകുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. കാർഷികനിയമങ്ങൾക്കെതിരായ ജനവിധിയാകും ഉണ്ടാകുകയെന്നാണ് കോൺഗ്രസ്, അകാലിദൾ നേതാക്കൾ പറയുന്നത്.