ചലചിത്ര മേളയില്‍ സലിം കുമാറിനെ ക്ഷണിച്ചില്ല;. അഥിതികളുടെ അന്തിമ പട്ടിക തയാറായിട്ടില്ലെന്ന് കമല്‍; ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലീം കുമാര്‍

കൊച്ചി: ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സലിം കുമാറിനെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദത്തിൽ. നാളെ വൈകിട്ടാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. തനിക്ക് പ്രായം കൂടിയതാകാം ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന് കാരണമെന്ന് സലിംകുമാര്‍ പരിഹസിച്ചു. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞു.

സലിം കുമാറിനെ വിളിക്കാന്‍ വൈകിയതാവുമെന്നും പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, രാഷ്ട്രീയമല്ല കാരണമെന്നും അവകാശപ്പെട്ടു. സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയില്‍ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.

ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ പ്രതികരിച്ചു. തന്നെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ചിലര്‍ വിജയിച്ചതായും, പ്രായമല്ല പ്രശ്‌നമെന്നും സലിം. തനിക്കൊപ്പം മഹാരാജാസില്‍ പഠിച്ചവര്‍ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു. സലീം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമല്‍ പ്രതികരിച്ചു. സലീം കുമാറിനെ ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുണ്ട്. വിവാദം അനാവശ്യമാണ്. സലിം കുമാര്‍ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാന്‍ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാര്‍. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമല്‍ പറഞ്ഞു.

കെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ 25 ചേർന്നാണ് മേളയ്ക്ക് തിരിതെളിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഡെലിഗേറ്റുകള്‍ സഹകരിക്കണമെന്ന് കമല്‍ അഭ്യര്‍ത്ഥിച്ചു.