ന്യൂഡെൽഹി: അതിർത്തിയിലെ പാംഗോങ് തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ അനധികൃത നിർമ്മാണങ്ങൾ ചൈന പൊളിച്ചു തുടങ്ങി. ഇന്ത്യയുമായി നടന്ന ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരമാണിത്.
പ്രദേശത്ത് നിർമ്മിച്ചിരുന്ന ഹെലിപ്പാഡ് അടക്കമുള്ളവയാണ് ചൈന പൊളിച്ചു മാറ്റുന്നത്.
ഫിംഗർ എട്ടിന്റെ കിഴക്ക് ഭാഗത്തേക്ക് മാറുമെന്നാണ് ഇന്ത്യക്ക് ചൈന നൽകിയിരിക്കുന്ന ഉറപ്പ്. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഘട്ടം ചർച്ചകൾ ആരംഭിക്കും. ലഡാക്കിലെ ചൈനയുടെ കയ്യേറ്റ ശ്രമങ്ങളെക്കുറിച്ചാവും ചർച്ചകൾ. ഇവിടെയും ഇന്ത്യൻ നിലപാട് ചൈന അംഗീകരിക്കുമെന്നാണ് സൂചന.
അതിർത്തിയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നത് ആശാവഹമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങിയതായും അദ്ദേഹം പറഞ്ഞിരുന്നു.