ലണ്ടൻ: കടക്കെണിയിലായ പ്രവാസി വ്യവസായി ബിആർ ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ യു.കെ കോടതി ഉത്തരവ്. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിൻറേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. അബൂദബി കമേഴ്ഷ്യൽ ബാങ്കിൻ്റെ അഭ്യർത്ഥന പ്രകാരമാണ് കോടതി ഇടപെടൽ.
ബിആർ ഷെട്ടി 1975 ൽ സ്ഥാപിച്ചതാണ് എൻഎംസി ഹെൽത്ത്കെയർ. ഒരൊറ്റ ആശുപത്രിയിൽ നിന്ന് യുഎഇയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെൽത്ത് കെയർ ഓപ്പറേറ്ററായി വളർന്നു. 2,000 ഡോക്ടർമാരും നഴ്സുമാർ ഉൾപ്പടെ 20,000 സ്റ്റാഫുകളും ജോലി ചെയ്യുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ മൂല്യം അതിന്റെ ഏറ്റവും ഉയർന്ന സമയത്ത് 8.58 ബില്യൺ ഡോളർ (40 ദിർഹം) ആയിരുന്നു.
തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മുൻ എക്സിക്യൂട്ടീവുകളുടെ ഒരു ചെറിയ സംഘം നടത്തിയ തട്ടിപ്പിന് താൻ ഇരയാണെന്ന് ഏപ്രിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഷെട്ടി പറഞ്ഞിരുന്നു. തന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചതായും ഇടപാടുകൾ നടത്താതെ തന്നെ വ്യാജ ഒപ്പ് ഉപയോഗിച്ച് വായ്പകൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും നടന്നതായി ഷെട്ടി പറഞ്ഞിരുന്നു.