നാദാപുരം: ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കാറിലെത്തിയ സംഘം നാദാപുരം തൂണേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സംഘം വാടക്കക്കെടുത്ത കാറിൽ തൂണേരിയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.തൂണേരി മുടവന്തേരി സ്വദേശി മേക്കരതാഴെകുനി എം.ടി.കെ. അഹമ്മദിനെയാണ് (53) വൈകീട്ട് എട്ടുമണിയോടെ മോചിപ്പിച്ചത്.
പണം തന്നാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് ഖത്തറിലുള്ള സഹോദരന് കഴിഞ്ഞ ദിവസം ചിലർ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചിരുന്നു.
അഹമ്മദിനെ (53) ശനിയാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ എണവള്ളൂർ പള്ളിയിൽ നമസ്കാരത്തിനായി പോകവെ സ്കൂട്ടർ തടഞ്ഞുനിർത്തി വെളുത്ത കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു.അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്.
തുടർ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്.ആദ്യഘട്ടത്തിൽ കാണാതായ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീടാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്.
ഖത്തറിലും ദുബൈയിലും വ്യാപാരിയാണ് എം.ടി.കെ. അഹമ്മദ്. വിദേശത്തെ വ്യാപാര തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.