ന്യൂഡെൽഹി: ഓർമ്മശക്തി വർധിപ്പിക്കാൻ കുട്ടികൾക്ക് കുത്തിവെയ്പ് നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. കിഴക്കൻ ഡെൽഹിയിലെ മണ്ഡവാലിയിൽ 6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ട്യൂഷൻ എടുത്തിരുന്ന സന്ദീപ് എന്ന അധ്യാപകൻ കുത്തിവെയ്പ്പ് എടുത്തിരുന്നത്.
20കാരനായ സന്ദീപ് സൗജന്യമായാണ് ട്യൂഷൻ എടുത്തിരുന്നത്. കഴിഞ്ഞ ദിവസം ട്യൂഷനു ശേഷം വിദ്യാർത്ഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവ് മകൾക്ക് കുത്തിവെപ്പ് എടുക്കുന്ന സന്ദീപിനെ കണ്ടു. തുടർന്ന് രക്ഷിതാവ് പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സന്ദീപ് കുത്തിവെയ്പ് എടുത്തിരുന്നു എന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ എൻഎസ് സൊല്യൂഷൻസ് എന്ന ഇഞ്ചക്ഷനാണ് കുട്ടികൾക്ക് എടുത്തതെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു. വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കുത്തിവെയ്പിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ചില കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സന്ദീപിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് സിറിഞ്ചുകളും മരുന്നുകളും പിടിച്ചെടുത്തു.