ന്യൂഡെൽഹി: ലഡാക്കിലെ ഗാൽവനിൽ ഇന്ത്യാ- ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറയുന്നു. എന്നാൽ ചൈന ഇതുവരെ ഔദ്യോഗികമായി മരണസഖ്യ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കും 45 ചൈനീസ് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടുവെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാൽവൻ താഴ്വരയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ട് ഒൻപത് മാസങ്ങൾ പിന്നിട്ടിട്ടും പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യഥാർത്ഥ ആൾനാശം സംബന്ധിച്ച കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
യുഎസിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉൾപ്പെടെ ഉദ്ധരിച്ച് വന്ന ചില മാധ്യമ വാർത്തകളുമായി പൊരുത്തപ്പെടുന്നതാണ് റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ചൈന ഇത് നിഷേധിച്ചിരുന്നു. 40ൽ അധികം സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാർത്തയാണെന്നാണ് ചൈന വ്യക്തമാക്കിയത്.
ഒരു പിഎൽഎ കമാൻഡിംഗ് ഓഫീറുടെ മരണം ഉൾപ്പെടെ ചൈനീസ് സേനയ്ക്ക് കൂടുതൽ ആളപായമുണ്ടായതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും അപകടങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ചൈന തയ്യാറായിരുന്നില്ല.